മലയാള സാഹിത്യത്തെ അക്ഷരക്കൂട്ടുകള്‍കൊണ്ട് സമ്പന്നമാക്കിയ രണ്ട് മഹാരഥന്മാരുടെ പാരമ്പര്യം, അനിതരസാധാരണമായ അഭിനയശൈലി, ഹാസ്യവും രൗദ്രവും ഭയാനകവും ശൃംഗാരവുമൊക്കെ അനായാസം മിന്നിമറയുന്ന അഭിനയശൈലി. വിശേഷണങ്ങള്‍ എത്രതന്നെ നല്‍കിയാലും പോരാതെവരുന്ന നടനചക്രവര്‍ത്തിയാണ് അടൂര്‍ഭാസി എന്ന കലാകാരന്‍. രണ്ട് ദശാബ്ദങ്ങള്‍ക്കുമുമ്പ് മലയാളസിനിമയില്‍ ഭാസ്‌കരന്‍ നായര്‍ എന്ന അടൂര്‍ഭാസി ഒഴിച്ചിട്ടുപോയ ഹാസ്യസാമ്രാട്ടിന്റെ സിംഹാസനം ഇന്നും ഒഴിഞ്ഞുതന്നെ കിടക്കുന്നു. അനുകരിക്കുവാനാകാത്ത വിധത്തില്‍, വൈവിധ്യപൂര്‍ണമായ ഭാവപ്രകടനങ്ങള്‍ നടത്തുന്നതില്‍ ഭാസി എന്ന കലാകാരനെ ദൈവം വല്ലാതെ അനുഗ്രഹിച്ചിരുന്നു. 700-ലധികം ചലച്ചിത്രങ്ങളിലൂടെ സിനിമാലോകത്ത് തന്റെ സ്ഥാനം ഉറപ്പിച്ച ആ കലാകാരന്‍ 1990 മാര്‍ച്ച് 29-ന് ജീവിതത്തിന്റെ രംഗവേദി വിട്ടൊഴിഞ്ഞു. വെറുമൊരു ഹാസ്യകലാകാരന്‍ എന്നതിലുപരിയായി സ്വഭാവനടനായും സംവിധായകനാവും മലയാളസിനിമയ്ക്ക് സംഭാവനകള്‍ ഏറെ നല്‍കിയ ആ കാലാകാരനെ കേരള സമൂഹം വേണ്ടവിധം പരിഗണിച്ചോ എന്ന ചോദ്യം വല്ലാതെ നൊമ്പരപ്പെടുത്തിയപ്പോള്‍ പിറവികൊണ്ടതാണ് എ.ബി.സി. അധവാ അടൂര്‍ഭാസി കള്‍ച്ചറല്‍ ഫോറം എന്ന സംഘടന. കേരള സാഹിത്യസദസില്‍ എന്നും തെളിഞ്ഞുകത്തുന്ന രണ്ട് നക്ഷത്രങ്ങള്‍ ശ്രീ. സി.വി. രാമന്‍പിള്ളയും ശ്രീ. ഇ.വി. കൃഷ്ണപിള്ളയും - ആ പരമ്പരയിലെ അരങ്ങു കണ്ട കലാകാരനായിരുന്നു ശ്രീ. അടൂര്‍ഭാസി. മലയാളസിനിമയില്‍ നായകന്റെ സ്ഥാനം മറ്റെന്തിനെക്കാളും ഉയര്‍ന്നുനിന്ന കാലത്ത് ജനമനസ്സുകളില്‍ പൊട്ടിച്ചിരിയുടെ സ്വന്തം സാമ്രാജ്യം വെട്ടിപ്പിടിച്ച ഭാസി എന്ന കലാകാരന്‍ അക്കാലത്ത് നിലനിന്നിരുന്ന അഭിനയ സമവാക്യങ്ങളെ എല്ലാം തിരുത്തി എഴുതി. ചിരിപ്പിക്കുന്നതിനൊപ്പം ചിന്തിപ്പിക്കാന്‍ വേണ്ട ചേരുവകകള്‍ എല്ലാം ചേര്‍ത്ത നടന നിമിഷങ്ങള്‍ അദ്ദേഹം നമുക്കു നല്‍കി. മുനിരനായകന്മാരുടെ എല്ലാ ചിത്രങ്ങളിലെ ഒഴിച്ചുകൂടാനാകാത്ത വിജയമന്ത്രമായി ഭാസിയുടെ ഹാസ്യം എന്ന ഭാവത്തിനപ്പുറം എല്ലാ രസങ്ങളും തന്റെ സ്വാഭാവികമായ അഭിനയത്തിന് വഴങ്ങുമെന്ന് തെളിയിക്കാന് അദ്ദേഹത്തിന് അധികകാലം വേണ്ടിവന്നില്ല. 1953-ല്‍ തിരമാല എന്ന പി. ആര്. എസ്. പിള്ളചിത്രത്തിലൂടെ വെള്ളിത്തിരയില്‍ തെളിഞ്ഞ ആ മുഖത്തിന് മലയാളിയുടെ മനസ്സില്‍ ഇന്നും മരണമില്ല. 1974-ല്‍ ചട്ടക്കാരിയിലെ അഭിനയത്തിനും 1979-ല്‍ ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങള്‍ എന്ന ചിത്രത്തിലെ അഭിനയത്തിനും മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് അദ്ദേഹത്തിനു ലഭിച്ചു.

 

 

Adoor Bhasi Cultural Forum, Santhini, Arasummoodu, Kulathoor P.O., Trivandrum - 53, E-mai: adoorbhasicuolturalform@gmail, Ph: 9746149747